ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

        സ്വാതന്ത്ര്യത്തിനു മുമ്പ് പ്രധാനമായും ജന്‍മി കുടിയാന്‍ വ്യവസ്ഥയാണ് നിലനിന്നിരുന്നത്. ഇക്കാലത്ത് നികുതിയുള്ള സ്ഥലം ആകെ 4850 ഏക്കര്‍ ആയിരുന്നു. അതില്‍ 2991 ഏക്കര്‍ ഇടപ്പിള്ളി (എളങ്ങല്ലൂര്‍) സ്വരൂപത്തിന്റെ അധീനതയിലായിരുന്നു. ബാക്കി പ്രദേശം സര്‍ക്കാര്‍ ഭൂമി ആയിരുന്നു. സ്വരൂപത്തിനും സര്‍ക്കാരിനും ഓരോ പ്രവര്‍ത്തിയാര്‍മാര്‍ ഉണ്ടായിരുന്നു. 1946വരെ വില്ലേജില്‍ രണ്ട് ആഫീസര്‍മാര്‍ ഉണ്ടായിരുന്നു  1946-ല്‍ വാഴക്കുളം വില്ലേജിനെ രണ്ടായി വിഭജിച്ചു. ഒന്ന് മാറംപിള്ളി വില്ലേജ്, രണ്ട് വാഴക്കുളം വില്ലേജ്. 1947 മുതല്‍ 1953 വരെയും വാഴക്കുളം വില്ലേജ് യൂണിയനായിരുന്നു. വില്ലേജ് യൂണിയന്റെ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ അബ്ദുള്ളയായിരുന്നു. 1953 ഏപ്രില്‍ മാസം നടന്ന തെരഞ്ഞെടുപ്പിനു ശേഷം ജൂലൈ മാസം 22-ാം തീയതി ആലുവ പഞ്ചായത്ത് ഓവര്‍സിയറുടെ അദ്ധ്യക്ഷതയില്‍ പ്രഥമയോഗം ചേര്‍ന്നു.ഒരു രൂപയോ അതില്‍ കൂടുതലോ കരം ഒടുക്കുന്നവര്‍ക്ക് മാത്രമേ വോട്ടവകാശം ഉണ്ടായിരുന്നുള്ളൂ. 
           സ്വാതന്ത്ര്യത്തിനു മുമ്പ് ജാതിപരമായ ഉച്ചനീചത്വങ്ങള്‍ ഇവിടെ  ശക്തമായിരുന്നു. താഴ്ന്ന ജാതിയില്‍പെട്ട സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാനുള്ള അവകാശം നിഷേധിച്ചിരുന്നു. ഈ വിഭാഗത്തിലെ കര്‍ത്താക്കന്‍മാരാണ് പല പ്രദേശത്തേയും അടക്കി വാണിരുന്നത്. സ്വാതന്ത്ര്യസമരവും തുടര്‍ന്നു നടന്ന പുരോഗമന സമരങ്ങളും ഈ പഞ്ചായത്തിലും ചലനങ്ങള്‍ ഉണ്ടാക്കി.സംസ്ഥാന രൂപീകരണത്തോടെ സ്വരൂപം വക പ്രദേശങ്ങളും സര്‍ക്കാര്‍ വക പ്രദേശങ്ങളും ഒന്നായി. പഞ്ചായത്തില്‍ മൌലികമായ മാറ്റമുണ്ടാക്കിയത് ഭൂപരിഷ്കരണമാണ്. ഭൂമി കുടിയാന്‍മാര്‍ക്ക് പങ്കുവെച്ചതോടെ ജന്‍മി കുടിയാന്‍ ബന്ധം അവസാനിച്ചു. മണ്ണില്‍ കുഴിച്ച് കുമ്പിളില്‍ കഞ്ഞി വിളമ്പുന്ന സമ്പ്രദായം എഴുപതുകളില്‍ പോലും നിലനിന്നിരുന്നു.